Tuesday, October 30, 2012

ഭ്രാന്തന്റെ ആവലാതികള്...


മോഹങ്ങള്‍ കുഴിച്ചു മൂടിയ
കുഴിക്കുള്ളില്‍ വേദനയുടെ
ലാവ തിളച്ചു മറിയുകയാണ്..
അടുപ്പില്‍ തീ പുകയാത്തവന്‍റെ
സ്വപ്നങ്ങള്‍ക്കെന്നും വിധി,
ജീവനോടെ കുഴിച്ചു മൂടപ്പെടാനാണ്

വിഷമജ്വരങ്ങള്‍ പകുത്തെടുത്ത
ജീവിതത്തിന്റെ നല്ല പാതിക്കു
ചിതയോരുക്കാന്‍ മുറ്റത്തെ
കുഞ്ഞു മാവിനിയും വളര്‍ന്നതെയില്ല..

കൊട്ടും പാട്ടും  ശ്രുതിയും താളവും
കര്‍ണ്ണ പടങ്ങള്‍ക്ക് ആസ്വാദ്യവുമല്ല
ആട്ടക്കലാശങ്ങള്‍ക്കവസാനം വീണു
കിട്ടുന്ന ചില്ലറത്തുട്ടുകളില്‍ ക്ലാവ്

ഭഗവാനും ഭഗവതിയും എന്റെ
തുള്ളലുകളുടെ അര്‍ത്ഥമറിഞ്ഞില്ല
വിശപ്പാണ് സത്യം, ദാഹം നീതിയും
ആരാധന വിശപ്പടക്കുന്നവനോടാണ്.

ഊതിക്കൊടുക്കുന്ന ചരടുകള്‍
സത്യത്തിന്‍റെ കനലുരുക്കി തന്നെ.
ചില്ലറത്തുട്ടുകള്‍ വീണ്‌കിട്ടുമെന്ന
സത്യത്തിന്റേതെന്നു മാത്രം...

ചരടുകള്‍ക്കല്ല വിലയിടുന്നത്
എന്റെ  വയറിന്റെ കാളലുകൾക്കാണ്
രണ്ടു രൂപക്കും ആയിരം രൂപക്കും
കിട്ടുന്ന ചരടുകളൊന്നു  തന്നെ .

തെരുവിലെ സാധുവിന്
വിലപേശാന്‍ അര്‍ഹതയില്ല
ചില്ലുമേടയിലെ ആചാര്യന്‍
അവകാശങ്ങള്‍ ലേലമെടുത്തവനും,

മർദ്ധിതന്റെ വാക് കസര്‍ത്തുകളെ-
ത്തുന്നത് വായ്ക്കുള്ളില്‍ നിന്നല്ല,
പിടഞ്ഞു തുള്ളുന്ന നോവുകളുടെ
ശക്തമായ തള്ളലുകളില്‍ നിന്നാണ്.

കീഴാളന്റെ  വാക്കുകള്‍ക്ക്
ഉദാസ്ഥിതന്റെ വാക്കുകളുമായി
പോരുത്തപ്പെടാമെന്നു കരുതിയല്ല
വെറുമൊരു ഏറു മാത്രം...

കൊള്ളേണ്ടത് കൊള്ളേണ്ട പോൽ
കൊണ്ടെങ്കിലെന്നൊരു ചിന്ത..
പാഴ്ചിന്തകൾക്കും ചില നേരങ്ങളിൽ
യാഥാർഥ്യവുമായി പൊരുത്തമാണത്രെ..

ജീവിക്കാനിരിക്കുന്നല്ലോ ഇനിയും
താണ്ടാനിരിക്കുന്ന ദൂരങ്ങളുമേറെ..
സാഗരങ്ങൾ നിരത്തിയെടുക്കണം
കുന്നിക്കരുക്കൾ വാരി വിതറി..

ആകാശത്തൊരു മേട കെട്ടണം
 പൂനിലാവിനും വിരുന്നൊരുക്കണം..
കുഴിച്ചു മൂടപ്പെട്ട മോഹങ്ങൾ വീണ്ടും
ലാവയായ് തിളച്ചു പൊന്തുന്നല്ലോ...!



Sunday, October 21, 2012

വിമാന റാഞ്ചികള്





പൊള്ളുന്ന ചൂടാണ് 
കോച്ചുന്ന കുളിരും 
രണ്ടിലും പിടയുന്ന 
നെഞ്ചിലൊരു നോവും 

മാത്രകള്‍ തിരിച്ചും 
മറിച്ചും കണക്കെടുത്ത് 
കൂടണയും സ്വപ്നം നെയ്യും 
ജീവിതമത്രേ പ്രവാസം..!

അവന് റാഞ്ചാനുള്ളത് 
വിമാനങ്ങളല്ല, 
പിടിച്ചെടുക്കാനുള്ളത് 
ബോംബും മിസൈലുകളുമല്ല.

വിധിയുടെ കരങ്ങള്‍ 
ദൂരെ എറിഞ്ഞ ജീവിതമാണ്

കളഞ്ഞു പോകുന്ന സ്വന്തം ജീവിതം 

അകലെ നിന്നോടിയെത്തുന്നത് 
മോക്ഷം തേടിയാണ്.. 

ഒന്ന് ചിരിക്കാന്‍, 
ഒന്ന് പൊട്ടിക്കരയുവാന്‍ 
പ്രിയരോടോന്നു മിണ്ടുവാന്‍ 
കൊതിയോടെയണയുന്നവര് 

പൊള്ളുന്ന മരുഭൂവില്‍ 
ചുറ്റിക കൊണ്ട് കളിക്കുന്നവര്
വാടര്‍ തെര്‍മോസില്‍ വെള്ളം -
നിറച്ചു ദാഹം തീര്‍ക്കുന്നവര് 

ചൂഷണമാണിവിടെ,
രാവും പകലും കെട്ടിടം 
പണിതു കൂട്ടുവാന്‍ വിധിച്ചവര് 
ഓവര്‍ ടൈമുകളില്‍ ജീവിക്കുന്നവര്

അവരാണധികവും, 
ചില്ലറതുട്ടുകളെ 
കാത്തു വെക്കേണ്ടതുണ്ടവര്‍ക്ക്
ഒരു കരച്ചിലകറ്റുവാന്‍,
ഒരു ചിരി വിടര്‍ത്തുവാന്‍ .

കയ്യിലോതുങ്ങില്ല, ഹേ,
വിമാനങ്ങളും റോക്കറ്റുകളും 
തങ്ങളുടെ കരങ്ങളിലെന്നു 
സ്പഷ്ടമായറിയുന്നവര്.

എന്നിട്ടും..? 

സ്വന്തം നാട്ടില്‍ പാദ
സ്പര്‍ശമേല്‍ക്കും മുന്‍പേ 
മുദ്ര ചാര്‍ത്തണം നിങ്ങള്‍ 
കള്ളനെന്നും റാഞ്ചികളെന്നും..!

Thursday, October 18, 2012

ആധുനിക മനുഷ്യര്‍


ഒന്നിനും നേരം ല്യ...
മിണ്ടാനും നേരം ല്യ
കാണാനും നേരം ല്യ
കേള്‍ക്കാനും നേരം ല്യ
തിന്നാനും നേരം ല്യ
കുടിക്കാനും നേരം ല്യ
നടക്കാനും നേരം ല്യ
നില്‍ക്കാനും നേരം ല്യ
കഴിക്കാനും നേരം ല്യ
കിടക്കാനും നേരം ല്യ
എഴുതാനും നേരം ല്യ
പഠിക്കാനും നേരം ല്യ
ചിരിക്കാനും നേരം ല്യ
കരയാനും നേരം ല്യ
ഒന്നിനും നേരം ല്യ
എന്നാല്‍ ഒട്ടൊരു പണിയൂല്യ

Tuesday, October 16, 2012

വിപ്ലവകാരിയുടെ കത്ത്..



പ്രിയേ...!

ഒരിക്കൽ എന്റെ രക്തത്തിന്റെ ചുവപ്പ് നീ അറിയും...!

അത് ഈറനായ അരുണവർണ്ണം കലർന്നാവുകയില്ല, കറുത്ത ചായം കലർന്ന റോഡിൽ വരണ്ടു തുടങ്ങുന്ന മങ്ങിയ നീലച്ച വർണ്ണത്തിലായിരിക്കാം...!


തീർച്ചയായും നീയറിയുകയില്ല, അത് നിനക്കായി എന്റെ സിരകളിൽ കൊതിയോടെ തുടിച്ചു തുള്ളിയ എന്റെ രക്തമാണെന്ന്,


ശ്രവണ നാളങ്ങളെ തകർക്കുന്ന ബഹളങ്ങൾക്കവസാനം തണുത്തുറഞ്ഞ ഒരു മൌന നിമിഷത്തിൽ ചെഞ്ചായം പൂശിയ ഐസ് കട്ട പോലെ തെരുവോരത്തെവിടെയോ ചിതറിത്തെറിച്ച് അലിയുന്ന, അടിയുന്ന കണക്കെ നീയെന്റെ ഹൃദയവും കാണും..!


ഒരു പക്ഷെ നീ ഒരിക്കലും തിരിച്ചറിയില്ലായിരിക്കാം, അത് നിന്നെ പ്രണയിക്കുകയും മോഹിക്കുകയും ചെയ്ത എന്റെ ഹൃദയമാണെന്ന്..!


എന്റെ കണ്ണുകൾ ചതഞ്ഞരഞ്ഞ ഞാവല്പഴം കണക്കെ വഴിയിൽ നിന്റെ കാലടികൾക്ക് കീഴിൽ വീണ്ടും ചതഞ്ഞരഞ്ഞേക്കാം...!


അപ്പോളും നീയറിയുകയില്ലായിരിക്കാം, നിന്റെ പാദങ്ങൾക്കടിയിൽ നിന്റെ രൂപലാവണ്യം കൊതിയോടെ നോക്കി നിന്ന എന്റെ മിഴികളുടെ പിടച്ചിലുകളുണ്ടെന്ന്...


എന്റെ കരൾ കടിച്ചു വലിക്കുന്ന തെരുവു നായ്ക്കളെ നീ കാണും, തെരുവിൽ കടിപിടി കൂടിയ ഏതോ ജീവിയുടെ കരള് എന്നു കരുതി നിസംഗ ഭാവത്താൽ മുന്നോട്ട് നീങ്ങുമ്പോളും നീയറിയാനിടയില്ല, അത് നിന്റെ ഓരോ വേദനയിലും നീറിപ്പിടഞ്ഞ എന്റെ കരൾ കഷ്ണം തന്നെയെന്ന സത്യം....!


പ്രിയേ...


തിരിച്ചറിയാതെ പോകുന്നുണ്ട് നാം പലതും,


ഏതോ ഒരു തിരശീലയുടെ മറവ് ഇപ്പോളും നമുക്കിടയിലുണ്ട്.


ആ മറവ് ഒരു കുറവായിരിക്കുമ്പോൾ തന്നെയും അത് തന്നെയായിരിക്കാം ഒരു പക്ഷെ താങ്ങാനാവാത്ത വലിയ വേദനകളിൽ നിന്നും എന്നെയും നിന്നെയും ഈ ലോകത്തെ മുഴുവനും രക്ഷിച്ചു പിടിക്കുന്നതും...!


പ്രിയേ...


ഞാൻ പ്രയാണം തുടങ്ങുകയാണ്, കയ്യിലൊരു കൊട്ടുവടിയും ഒരുപിടി വള്ളികളും നാലോലയുമായി,


ഇരുട്ടിന്റെ കൊട്ടാരങ്ങൾ തച്ചു തകർക്കുവാൻ, വെളിച്ചത്തെ കുടിൽ കെട്ടി കാക്കുവാൻ..!


ലക്ഷ്യമെത്തുവോളം വിശ്രമമില്ലാത്തൊരു യാത്ര,


എനിക്ക് വേണ്ടത് നിന്റെ നിമീലിത ലോചനങ്ങളിലെ തിളങ്ങുന്ന മിഴി നീർത്തുള്ളികളല്ല, മനസിലെ അണയാത്ത അഗ്നിയാണ്,


തെരുവിൽ വീണു പിടഞ്ഞവരുടെ രോദനങ്ങളിൽ നിന്നും പകൽ വെട്ടത്തിൽ മാനഭംഗത്തിനിരയായവരുടെ പിടച്ചിലുകളിൽ നിന്നും ജീവിക്കാൻ കേഴുന്നവന്റെ തേങ്ങലുകളിൽ നിന്നും നീയെടുത്തു സൂക്ഷിച്ച് വീര്യം കൂട്ടിയ നിന്റെ മനസിലെ വിപ്ലവ ചിന്തയുടെ വിത്തുകളിൽ നിന്നും ഒരു കൈക്കുമ്പിൾ മാത്രം...!


തിരിച്ചു വരവിനായല്ല, ലക്ഷ്യപ്രാപ്തിക്കായി നീ മനമുരുകി പ്രാർത്ഥിക്കുക...!


പിറക്കാനിരിക്കുന്ന പുതിയ ലോകത്തിൽ എന്റെ പേരെഴുതിച്ചേർക്കപ്പെട്ടേക്കാം, എങ്കിൽ പ്രിയേ തീർച്ചയായും അതിനൊപ്പം നിന്റെ പേരുണ്ടാവും.


ഒരു സുന്ദര ലോകത്തിന്റെ പിറവിക്കായി പ്രിയനെ യാത്രയാക്കിയ ഉത്തമസ്ത്രീകളിലൊന്നായി നിന്റെ നാമം ലോകം വാഴ്ത്തുക തന്നെ ചെയ്യും...


സ്നേഹപൂർവ്വം....!

റയ്നി ഡ്രീംസ്

Monday, October 15, 2012

യാത്ര

എനിക്കൊരു യാത്ര പോകേണ്ടതുണ്ട്... 

ശൈശവത്തിലേക്ക് , ബാല്യത്തിലേക്ക്...

വടവൃക്ഷങ്ങളായ സ്വപ്നങ്ങളില്ലാത്ത താഴ്വരകളിലേക്ക്..

സ്വാര്‍ഥതയും അസൂയയും താന്‍പോരിമയും അലട്ടാത്ത, വിശപ്പും ദാഹവും മാത്രം ശത്രുക്കളായ ഒരു കാലത്തേക്ക്...!

കുഞ്ഞു പുല്കൊടികളായി തളിര്‍ സ്വപ്‌നങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ ഓര്‍മ്മകളുടെ വയല്‍ വരമ്പിലേക്ക്‌....!... ....

അവിടെ എനിക്ക് എന്നെ കാണണം.. 

ബേബി ടീച്ചറെ കാണണം. പ്രിയ മിസിനെ കാണണം..
ഭാസ്കരന്‍ മാഷേ കാണണം, ഹരിദാസ്‌ സാറിനെ കാണണം...

കള്ളപ്പം ചുട്ടു മാടി വിളിച്ചു എന്റെ നെറുകില്‍ വിരലോടിച്ചു സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്ന എന്റെ അമ്മാളെ കാണണം...! 

ഓരോ മഴക്കാലത്തും മുറ്റത്ത്‌ വീഴുന്ന ചപ്പിക്കുടിയന്‍ മാങ്ങയും മൂവാണ്ടന്‍ മാങ്ങയും പെറുക്കി വെച്ച് വഴിയിലെ നനഞ്ഞ മണ്ണില്‍ കളിക്കുന്ന ഞങ്ങളുടെ നേര്‍ക്ക്‌ സ്നേഹത്തോടെ നീട്ടുന്ന മാധവിയമ്മയുടെ കരുണയുള്ള കൈകള്‍ കാണണം..

വില്ലാപ്പീസിന്റെ മുന്നിലെ നെല്ലി മരം കാണണം.. നെല്ലി മരത്തില്‍ മരം കുരങ്ങിനെപ്പോള്‍ വലിഞ്ഞു കയറുന്ന എന്നെ കാണണം, കൂട്ടുകാരെ കാണണം.. ഇരു തുടകളിലും വയറിലും നെല്ലിയില്‍ ഉറഞ്ഞ ചുവന്ന തുട്പ്പുകള്‍ കാണണം.

വഴിയിലെ ശവ മഞ്ചം ചുമക്കുന്ന യാത്രകള്‍ കണ്ടു ഭീതിയോടെ മുറിക്കുള്ളില്‍ വിറയോടെ ഇരുന്നു നാമം ജപിക്കണം.. 

ഒക്കെ ഒന്നുകൂടി കണ്ടു, മതി വരുവോളം ആസ്വദിച്ചു തിരിച്ചു വരാനായെങ്കില്....!

അവ്യക്തത

ഒന്നും പറയാനാവുന്നില്ല, ഒന്നും അറിയാന്‍ കഴിയുന്നുമില്ല..

എവിടെയൊക്കെയോ എന്തൊക്കെയോ മറഞ്ഞിരിക്കുന്നു..!


എത്ര ചിന്തിച്ചിട്ടും എന്തെന്നോ ഏതെന്നോ വ്യക്തമാവാത്തത്.


മടുപ്പും വിരക്തിയും വിരസതയും അലസതയും ജനിപ്പിക്കാന്‍ പോന്ന ചില അവ്യക്തതകളുടെ ആകെത്തുകയാണത്രെ ജീവിതം..!

തിരഞ്ഞെടുക്കണം നാം ചിലതെല്ലാം, രൂപഭാവങ്ങളെ മാറ്റിയെടുക്കാന്‍ പോന്നത്...!

നല്ല സൌഹൃദങ്ങള് , ഇരുന്നു സംസാരിക്കാന്‍ പൂര്‍വീകരുടെ സംസാരം ശ്രവിച്ച മരത്തലുകള്, ചിരിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കുറെ സുന്ദര നിമിഷങ്ങള്, അങ്ങനെ, അങ്ങനെ....

ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താന്‍ കഴിയണം നമുക്ക്..! നിസാര പ്രശ്നങ്ങളെ അവഗണിക്കാനും...!